വികസനത്തിലും പരിസ്ഥിതിയിലും സര്‍ക്കാരിന് തീവ്രനിലപാടുകളില്ല; മന്ത്രി റിയാസ്

 

കൊച്ചി: സംസ്ഥാനത്ത് വികസനവും പരിസ്ഥിതിയും യോജിച്ച് പോകണമെന്നും ഇരു വിഷയങ്ങളിലും സര്‍ക്കാരിന് തീവ്ര നിലപാടുകള്‍ ഇല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനെയും നിരാകരിച്ച് മുന്നോട്ട് പോകാനാകില്ല. ഓരോ മേഖലക്കും അനുയോജ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം.

പ്രകൃതി വിഭവങ്ങളുടെ നീതിയുക്തമായ ഉപഭോഗം ഉറപ്പ് വരുത്തും. ഗുണമേന്‍മയുള്ള അസംസ്‌കൃത വസ്തുക്കള്‍ അനിവാര്യമാണ്. പാരിസ്ഥിതിക സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തെ ഡിസൈന്‍ ഹബ് ആക്കും. ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കും. അവ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ രൂപരേഖ തയാറാക്കി കഴിഞ്ഞു. ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണ തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ക്രിയാത്മകമായി വിനിയോഗിക്കും. ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു.

കോടികള്‍ മുടക്കി നിയമാനുസൃതം നടത്തുന്ന ക്വാറികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നും കേരളത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം അന്യ സംസ്ഥാനങ്ങള്‍ കൊണ്ടുപോവുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെറുകിട ക്വാറി ആന്‍ഡ് ക്രഷറര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു ചൂണ്ടിക്കാട്ടി.

കര്‍ണാടക ക്വാറി, ക്രഷര്‍ കോര്‍ഡിനേഷന്‍ പ്രസിഡന്റ് രവീന്ദ്ര ഷെട്ടി, ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ആര്‍ മുരളീധരന്‍, ജയന്‍ ചേര്‍ത്തല, എം. റഹ്‌മത്തുള്ള, ധനീഷ് നീറിക്കോട്, രാമു പടിക്കല്‍, അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് വി.പൗലോസ് കുട്ടി, എ. ബീരാന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.