കേസെടുത്ത് വിരട്ടാന്‍ നോക്കണ്ട, പോലീസ് കേസ് പേടിച്ച് പിന്‍മാറിയ ചരിത്രം തന്റെ രാഷ്ട്രീയ ജീവിതത്തിലില്ലെന്ന് കെ സുധാകരന്‍

 
സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നുവെന്ന് സുധാകരന്‍

ലാപാഹ്വാനത്തിന് കേസെടുത്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍. കേസെടുത്ത് വിരട്ടി തന്നെ മൂലക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടതിന്റെ പേരില്‍ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധൈര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെയെത്തിയത്. പോലീസ് കേസിന്റെ പേരിലോ ആരെയെങ്കിലും പേടിച്ചോ  പിന്‍മാറിയ ചരിത്രം തന്റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ല.
സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിച്ചതിന് കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്റേടവുമാണ് മുഖ്യമന്ത്രി പുലര്‍ത്തേകാണിക്കേണ്ടത്. എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജനദ്രോഹ ഭരണത്തെയും ഭരണപരാജയത്തെയും പിടിപ്പുകേടിനെയും വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് കലാപ ശ്രമമാകുക. നിയമവാഴ്ചയെ അനുസരിച്ചാണ് ശീലമെങ്കിലും നട്ടെല്ല് ആരുടെയും മുന്നില്‍ പണയം വെച്ചിട്ടില്ല. തല ഉയര്‍ത്തി തന്നെയാണ് നാളിതുവരെ പൊതുപ്രവര്‍ത്തനം നടത്തിയത്. പൊതുപ്രവര്‍ത്തകന്റെ അന്തസ്സിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍.  നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ,കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം  തുടങ്ങി മലയാള ഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത ഭാഷാ വിദഗ്ദ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനോളം നിലവാരം താഴാന്‍ കേരളത്തില്‍ മറ്റാര്‍ക്കും സാധ്യമല്ല. പിണറായിയുടെ സംഭാവനകളില്‍ ഒരെണ്ണം എടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.