മാധ്യമങ്ങള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ ശ്രേയാംസ് കുമാര്‍

സി പി എം സൈബര്‍ ആക്രമണത്തിനെതിരെയും എല്‍ ഡി എഫ് ഘടകകക്ഷി നേതാവ്
 
 
ഒരു പോലീസ് ഓഫീസറുടെ പേര് പറയിക്കാന്‍ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ പോലീസ് സമ്മര്‍ദം ചെലുത്തി

കോഴിക്കോട്- മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടികളെ വിമര്‍ശിച്ച് ഇടതു മുന്നണി ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാര്‍. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ മാതൃഭൂമി  ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാന്‍ വേണ്ടിയാണെന്ന് ശ്രേയാംസ് കുമാര്‍ ആരോപിച്ചു. ഒരു പൊലീസ് ഓഫീസറുടെ പേര് വെളിപ്പെടുത്താനായി ജീവനക്കാരെ സമ്മര്‍ദ്ദപ്പെടുത്തിയെന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. 

എലത്തൂര്‍ പ്രതിയുമായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാതൃഭൂമി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. ഏപ്രില്‍ നാലിലെ സംഭവത്തിന് മെയിലാണ് എഫ് ഐ ആര്‍ ഇടുന്നത്. ഇതിന് പുറകില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ചില പൊലീസുകാരെ സ്ഥാനത്ത് നിന്നും നീക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എലത്തൂര്‍ കേസിലെ പ്രതിയെ കൊണ്ടുവരുന്ന വിവരം തന്നതെന്ന് റിപ്പോര്‍ട്ടറെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമം നടന്നു. ആ പൊലീസ് ഓഫീസറുടെ പേര് പറയാന്‍ ജീവനക്കാര്‍ക്ക് നേരെ പൊലീസ് സമ്മര്‍ദ്ദമുണ്ടായതെന്നും ശ്രേയംസ് കുമാര്‍ തുറന്നടിച്ചു. ഒരു ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍, അവരുടെ നടപടികളെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ വകുപ്പുള്ള രാജ്യത്താണ് നമ്മള്‍ നില്‍ക്കുന്നത്. റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

സൈബര്‍ അറ്റാക്ക് വളരെയധികം നേരിടുന്ന ഒരു കാലത്തില്‍ കൂടിയാണ് മാധ്യമങ്ങള്‍ കടന്ന് പോകുന്നത്. എത്ര സൈബറാക്രമണമുണ്ടായാലും മാധ്യമങ്ങള്‍ ചെയ്യേണ്ടത് അവര്‍ ചെയ്യുക തന്നെ ചെയ്യും. സൈബര്‍ പോരാളികളെ വെച്ച് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും  തകര്‍ക്കാനും വായടപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രേയാംസ് കുമാര്‍ ആരോപിച്ചു. 

ഇടതു മുന്നണി ഘടകകക്ഷി നേതാവായിരിക്കുമ്പോള്‍ തന്നെ സി പി എം അണികളില്‍ നിന്ന് കടുത്ത ആക്രമണം നേരിടുന്ന ആളാണ് ശ്രേയാംസ്‌കുമാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്താന്‍ സി പി എം ശ്രമിച്ചെന്ന ആക്ഷേപവും നിലവിലുണ്ട്. 

എലത്തൂര്‍ കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ കേരള പോലീസ് അതീവരഹസ്യമായി കൊണ്ടുവന്ന റൂട്ട് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് പി വിജയന്‍ ഐ പി എസിനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.