കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, ഭൂചലന സാധ്യത പരിശോധിക്കുന്നു

 

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും മുഴക്കങ്ങള്‍ കേള്‍ക്കുന്നതായി പ്രദേശവാസികള്‍. തിങ്കളാഴ്ച പകലും, രാത്രിയിലുമാണ് പല പ്രദേശങ്ങളില്‍ നിന്നും മുഴക്കം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജിയോളജി വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തും. ഭൂചലനമാകാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലും ഭൂമിക്കടിയില്‍ നിന്നും മുഴക്കം അനുഭവപ്പെട്ടിരുന്നു. മീനച്ചല്‍ താലൂക്കിലെ വിവിധ ഇടങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലാ, നെടുങ്കുന്നം, പൂവരണി, ഭരണങ്ങാനം,പൂഞ്ഞാര്‍,പനച്ചിപ്പാറ തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. 2021ല്‍ ഉണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 1.9 രേഖപ്പെടുത്തിയ ഭൂചലനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.