വിവാദ ടെൻഡർ ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിയെന്ന് ശോഭാ സുരേന്ദ്രൻ

 
തൃശൂര്‍ - എ.ഐ ക്യാമറ ഇടപാടിലെ ടെന്‍ഡര്‍ ഏറ്റെടുത്ത വ്യക്തി മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബിസിനസ്സുകാരനായ പ്രകാശ് ബോബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്‍ഡര്‍ ഏറ്റടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്തെന്ന് അവർ പറയുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പേര് അറിയാത്തതല്ല. മറിച്ച് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി പ്രതിപക്ഷം മൗനം പാലിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്ത് മാനദണ്ഡത്തിലാണ് ഈ ടെന്‍ഡര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറയണം. കേന്ദ്ര ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു