രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോഡി ഒഡീഷയിലേക്ക്
 

ഡല്‍ഹി- ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോറില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. ബോഗികളില്‍ അകപ്പെട്ട 44 പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് ഐജി ഓപ്പറേഷന്‍സ് എന്‍എസ് ബുണ്ടേല പറഞ്ഞു. പരിക്കേറ്റ 900 പേരെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയുണ്ട്.  2-3 കോച്ചുകളില്‍ അവശിഷ്ടങ്ങള്‍ കൂടി നീക്കം ചെയ്തതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലേക്ക് പോകുമെന്ന് പി എം ഒ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യം ബാലസോറിലെ അപകടസ്ഥലം സന്ദര്‍ശിക്കും തുടര്‍ന്ന് കട്ടക്കിലെ ആശുപത്രി സന്ദര്‍ശിക്കും. റെയില്‍ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദുരന്തത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. റെയില്‍വെയുടെ അനാസ്ഥയുടെ ഫലമാണ് ദുരന്തം.  റെയില്‍വേ മന്ത്രി തന്നെ ഒഡീഷയില്‍ നിന്നുള്ളയാളാണ്. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് റാവത്ത് പറഞ്ഞു.

കൂട്ടിയിടി തടയുന്നതിനുള്ള ആന്റി കൊല്യൂഷന്‍ ഉപകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്ന് തെലങ്കാന ഐടി മന്ത്രിയും ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെടിആര്‍ ചോദിച്ചു. ഇത് ഗുരുതരമായ കാര്യമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ഒഡീഷയിലെ ദാരുണമായ ട്രെയിന്‍ അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖമറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡീഷക്ക് ഐക്യദാര്‍ഢ്യമറിയിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.