സംവിധായകന്‍ രാജസേനന്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേരുന്നു

 

തിരുവനന്തപുരം : സിനിമാ സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ടു. ഇനിയങ്ങോട്ട് സി പി എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജസേനന്‍ അറിയിച്ചു.  തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് രാവിലെ ചര്‍ച്ച നടത്തി. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗമാണ് രാജസേനന്‍.
2016ല്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള രാജസേനന്‍, ബിജെപി സംസ്ഥാന നേതൃത്വവുമായി പിണങ്ങിപ്പിരിയുകയായിരുന്നു. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ബി ജെ പി നേതൃത്വം പരിഗണന നല്‍കിയില്ലെന്ന് രാജസേനന്‍ പറയുന്നു. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജി. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണെന്ന് രാജസേനന്‍ പറയുന്നു.