സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, കനത്ത നാശനഷ്ടം

 

തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം തതന്നെ വലിയ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  ആറ് ജില്ലകളിലാണ് ഇന്ന് ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായും ചിറ്റൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളും മഴ ദുരിതം വിതച്ചു. ചാലിയത്ത് നിന്നും കടലില്‍ പോയ മത്സ്യബന്ധന ബോട്ട് തിരികെ വരാനാവാതെ കടലില്‍ കുടുങ്ങി. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട് ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിട്ടുണ്ട്. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ പുളിയുള്ള പറമ്പത്ത് ബിജീഷ് എന്നയാളെയാണ് കാണാതായത്. മീന്‍പിടിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലുണ്ടായ മിന്നല്‍ച്ചുഴലിയില്‍ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപക നാശനഷ്ടം ഉണ്ടായി.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയില്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.

ആലപ്പുഴ കുട്ടനാട്ടില്‍ അഞ്ചിടത്ത് ജലനിരപ്പ് അപകട നിലയിലാണ്. നെടുമുടി, പള്ളാത്തുരുത്തി, കാവാലം, മങ്കൊമ്പ് , ചമ്പക്കുളം എന്നിവിടങ്ങളിലാണ് ജല നിരപ്പുയര്‍ന്നത്. ചമ്പക്കുളം ഇളമ്പാടം മാനംകേരി പാടത്ത് മട വീഴ്ചയുണ്ടായി. കിഴക്കന്‍ വെള്ളം ഇരച്ചെത്തി. 350 ഓളം വീടുകളിലേക്ക് വെള്ളം കയറുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിതയ്ക്കാന്‍ ഒരുങ്ങിയിരുന്ന പാടത്താണ് വെള്ളം കയറിയത്. പാലക്കാട് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇന്നലെ മരം വീണ് 33കെവി ലൈന്‍ പൊട്ടിയിരുന്നു. ഇതോടെയാണ് അട്ടപ്പാടി മേഖല പൂര്‍ണ്ണമായി ഇരുട്ടിലായത്.