രാഹുലും പ്രിയങ്കയുമെത്തി,  വയനാട്  ജനസാഗരം, 
പതിനായിരങ്ങളുടെ റോഡ്‌ഷോ തുടങ്ങി

 

വയനാട്ടില്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച ആവേശത്തിരയിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറന്നിറങ്ങി. കല്‍പറ്റയില്‍ 'സത്യമേവ ജയതേ' എന്ന പേരില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന ശക്തിപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ രാഹുലിനും പ്രിയങ്കക്കും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശോജ്വല സ്വീകരണം നല്‍കി. രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത പ്രഖ്യാപിച്ചിരിക്കെ പ്രിയങ്കയെ വയനാട്ടില്‍ അവതരിപ്പിക്കുന്നതിന്റെ ലോഞ്ച് പാഡായ കല്‍പറ്റയില്‍ രാജകീയവും ജനകീയവുമായ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയ ഇരുവരും ജനങ്ങളുടെ ഇടയിലേക്കിറങ്ങിതോടെ റോഡ് ഷോയ്ക്ക് തുടക്കമായി. പ്രിയങ്കക്കും രാഹുലിനുമൊപ്പം യു ഡി എഫ് നേതാക്കളും തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.എം പി ഓഫീസ് വരെയാണ് റോഡ് ഷോ. 
പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ ചലോ ചലോ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ ജില്ലകളില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് ഒഴുകിയെത്തി. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാഹുല്‍ഗാന്ധിയോയൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മോന്‍സ് ജോസഫ് എംഎല്‍എ, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.