പാര്‍ലമെന്റില്‍ നടന്നത് അഹങ്കാരിയായ രാജാവിന്റെ പട്ടാഭിഷേകമെന്ന് രാഹുല്‍

 

ന്യൂഡല്‍ഹി- പട്ടാഭിഷേകം കഴിഞ്ഞപ്പോള്‍ അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവില്‍ അടിച്ചമര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുസ്തി താരങ്ങള്‍ക്ക് എതിരായ ദല്‍ഹി പോലീസിന്റെ നടപടിയിലാണ് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച ഗുസ്തിതാരങ്ങളെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പങ്കുവെച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തെ കിരീടധാരണമായാണ് കണക്കാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങുകളെ വിമര്‍ശിച്ച് രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.


ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യവും അനീതിയുമാണ് രാജ്യം മുഴുവന്‍ കാണുന്നതെന്ന് പ്രിയങ്കാഗാന്ധിയും ട്വീറ്റ് ചെയ്തു. 'കളിക്കാരുടെ നെഞ്ചിലെ മെഡലുകള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, കായിക താരങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകളാണ് രാജ്യത്തിന് വലിയ അഭിമാനമായത്, എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍, പൊലീസിനെ ഉപയോഗിച്ച് നമ്മുടെ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടിനു കീഴില്‍ നിഷ്‌കരുണം ചവിട്ടിമെതിക്കുകയാണ്, ബി ജെ പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളരെ വര്‍ധിച്ചിരിക്കുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.



എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നരേന്ദ്രമോഡിക്ക് എതിരെ രംഗത്തെത്തി. ഉയര്‍ന്ന ഭരണഘടനാ പദവിക്ക് അര്‍ഹമായ ബഹുമാനം പിന്നോക്ക ജാതിയിലുള്ളവര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ചടങ്ങില്‍നിന്ന് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മാറ്റിനിര്‍ത്തിയതുമായി ബന്ധപ്പെട്ട് വേണുഗോപാല്‍ പറഞ്ഞു. അവരുടെ ബോധപൂര്‍വമായ ഒഴിവാക്കല്‍ കാണിക്കുന്നത് പ്രധാനമന്ത്രി മോഡി അവരെ തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള അടയാളങ്ങളായി ഉപയോഗിക്കുമെന്നും എന്നാല്‍, അത്തരം സുപ്രധാനവും ചരിത്രപരവുമായ അവസരങ്ങളുടെ ഭാഗമാകാന്‍ അനുവദിക്കില്ല എന്നുമാണെന്ന് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.