അരിക്കൊമ്പനെ കൊണ്ടുവരുന്നതില്‍ പറമ്പിക്കുളത്ത് ജനരോഷം ശക്തം, ഇന്ന്‌ ജനകീയപ്രതിഷേധം

നെന്മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തു നല്‍കി

 

പാലക്കാട്- അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ചു. കര്‍ഷക സംരക്ഷണ സമിതിയും അരിക്കൊമ്പനെ പറമ്പിക്കുളത്ത് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്ന്‌ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ നെന്മാറ എംഎല്‍എയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തോടെ അരിക്കൊമ്പന്‍ പറമ്പിക്കുളത്തും തലവേദനയാകുമെന്ന് ഉറപ്പായി. ഇതോടെ വിഷയം വീണ്ടും ഹൈക്കോടതിയിലേക്കെത്തുമെന്നാണ് സൂചന.
പറമ്പിക്കുളത്ത് 11 ല്‍ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കര്‍ഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകര്‍ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പറമ്പിക്കുളത്തു നിന്നും ഇറങ്ങി വന്ന 27 ആനകളുടെ നിരന്തരമായ ആക്രമണങ്ങള്‍ മൂലം 40 ലക്ഷത്തിലധികം കാര്‍ഷിക വിളകള്‍ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ നശിപ്പിക്കപ്പെട്ടു.  കൊല്ലങ്കോട് റേഞ്ച് വനം വകുപ്പിന്റെ അതികഠിനമായ പരിശ്രമത്തിലാണ് 90 ശതമാനം ആനകളും പറമ്പിക്കുളത്തേക്ക് തിരിച്ചു പോയത്. ഏതാനും ചില ആനകള്‍ മലയടിവാരത്ത് ഉള്ളപ്പോഴാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നത്. തെന്മല അടിവാര പ്രദേശത്ത് വസിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും ഭീഷണിയാകുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ഇല്ലെങ്കില്‍ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളച്ച് കോടനാട് ആനക്കളരിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു വനംവകുപ്പിന്റെ നീക്കം. ഹൈക്കോടതി ഇടപെട്ട് ഇത് തടഞ്ഞതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. വനത്തിലെ ആനത്താരയില്‍ വീട് വെച്ച മനുഷ്യരെയല്ലെ ഒഴിപ്പിക്കേണ്ടത് എന്നു വരെ ഹൈക്കോടതി ചോദിച്ചിരുന്നു. ഒടുവില്‍ ചില വിയോജിപ്പുകളോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം പുതിയ സാഹചര്യത്തില്‍ വൈകുമെന്നാണ് സൂചന. ദ    ൗത്യത്തില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നതിനുശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. അരിക്കൊമ്പന് ഇടാനായി റേഡിയോ കോളര്‍ ഇടുക്കിയിലേക്ക് എത്തിക്കുന്നത് താമസിച്ചാലും ദൗത്യം വൈകും. നിലവില്‍ അസമില്‍ മാത്രമാണ് റേഡിയോ കോളര്‍ ഉള്ളത് ജിഎസ്എം റേഡിയോ കോളര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇത് പറമ്പിക്കുളത്ത് ഉപയോഗിക്കുവാന്‍ കഴിയില്ല.