പുതിയ പാര്‍ലമെന്റില്‍ ആദ്യം കയറിയത് സന്യാസിമാര്‍, ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി - പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി ഹൈന്ദവാചാര പ്രചാരമുള്ള ഹോമങ്ങളും പൂജകളും തുടങ്ങി.  ഉദ്ഘാടന ചടങ്ങിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഹോമങ്ങളിലും പൂകളിലും പങ്കെടുത്തു.  പുതിയ മന്ദിരത്തിനു പുറത്താണ് ഹോമം നടക്കുന്നത്. ഒരു മണിക്കൂറോളം ഹോമകര്‍മങ്ങള്‍ നടക്കും. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള മഠാധിപതികളില്‍ നിന്ന് ഏറ്റുവാങ്ങി. ചെങ്കോലുമേന്തി പ്രാര്‍ഥനാ നിരതനായി സ്വയം പ്രദക്ഷിണം നടത്തി മഠാധിപതികളില്‍ നിന്ന് അദ്ദേഹം അനുഗ്രഹം തേടി.

ചെങ്കോലുമേന്തി മഠാധിപതികളുടെയും പുരോഹിതന്‍മാരുടെയും അകമ്പടിയോടെ അദ്ദേഹം പാര്‍ലമെന്റ് ഹാളിലേക്ക് കടന്നു. പുരോഹിതന്‍മാരാണ് ആദ്യം പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. പിന്നാലെ ചെങ്കോലുമേന്തി നരേന്ദ്രമോഡിയും. പാര്‍ലമെന്റ് പുരോഹിതന്‍മാരുടെ വലിയൊരു പരിവാരം പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്പീക്കറുടെ ചേംബറിന് മുന്നില്‍ പുരോഗിതന്‍മാര്‍ അണിനിരന്നു 7.50ന് ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിക്കുമ്പോള്‍ നാദസ്വരത്തില്‍ വന്ദേമാതരത്തോടൊപ്പം മന്ത്രോച്ചാരണങ്ങളും ഉച്ചത്തില്‍ മുഴങ്ങി. മഠാധിപതികളുടെ അനുഗ്രഹം സ്വീകരിച്ചു.

ഉച്ചക്ക് 12ന് പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങു ബഹിഷ്‌കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് 3 മണി വരെ നിയന്ത്രണമേര്‍പ്പെടുത്തി.