കൊച്ചി വാട്ടര്‍മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ആവേശകരം

ആറു പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

 

തിരുവനന്തപുരം- കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.


ഡിണ്ടിഗല്‍പളനിപാലക്കാട് റെയില്‍വേ സെക്ഷന്റെ വൈദ്യുതീകരണത്തിന്റെ സമര്‍പ്പണവും ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനവും തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല(ശിവഗിരി) സ്റ്റേഷനുകളുടെയും നേമംകൊച്ചുവേളി റെയില്‍ മേഖലയുടെയും വികസന പദ്ധതികളുടെ തുടക്കം കുറിക്കലും തിരുവനന്തപുരം - ഷൊര്‍ണൂര്‍ പാതയുടെ വേഗം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു.

വിവിധ ജില്ലകളിലെ പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഈ ജില്ലകളില്‍ പ്രാദേശികമായി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ ജല മെട്രോയുടെ ഹൈക്കോടതി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ആദ്യ സര്‍വിസ് വ്യവസായ മന്ത്രി പി രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ജില്ലയിലെ എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു. തുടര്‍ന്ന് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും വൈപ്പിനിലേക്ക് ഉദ്ഘാടന സര്‍വീസ് നടത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളടക്കം യാത്രക്കാരായി എത്തിയിരുന്നു.  ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങ് തത്സമയം വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.


നാളെ മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും. കുറഞ്ഞ നിരക്ക് 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.  കൊച്ചിയുടെയും സമീപ ദ്വീപുകളുടേയും ജലഗതാഗതം നവീകരിക്കുക എന്നതാണ് ഈ വാട്ടര്‍ മെട്രോയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തില്‍ സര്‍വീസ് നടത്തുക എട്ട് ബോട്ടുകളാകും.  അടിസ്ഥാന സൗകര്യങ്ങളൊരുക്കി നഗരങ്ങളിലെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഒന്നാണ് ഈ കൊച്ചി വാട്ടര്‍ മെട്രോ. കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പായിരിക്കുമെന്ന പ്രതീക്ഷയുണ്ട്. പദ്ധതിക്കായി 1136.83 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഈ പദ്ധതി 2016 ല്‍ തുടങ്ങിയതാണ്. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ ടെര്‍മിനലില്‍ എത്താനാകുമെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എഎഫ്സി ഗേറ്റുകളും കൂടാതെ വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകളും ഈ വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുക.