മാര്‍ക്ക് ലിസ്റ്റ് തിരിമറിക്ക് പിന്നില്‍ മഹാരാജാസ് അധികൃതര്‍ തന്നെയെന്ന്  പ്രാഥമിക നിഗമനം

 

കൊച്ചി- എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പേരില്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസിന്റെ പ്രാഥമിക നിഗമനം. എന്‍ ഐ സി വെബ്‌സൈറ്റില്‍ നടത്തിയ പരിശോധനയും കേസില്‍ പ്രതികളായവരുടെ ഫോണ്‍ രേഖകളും പരിശോധിച്ചതില്‍ നിന്നാണ് വ്യാജമാര്‍ക്ക് ലിസ്റ്റ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്.

എന്‍ ഐ സി വെബ്സൈറ്റിന്റെ പിഴവാണ്  തെറ്റായ ഫലം പ്രസിദ്ധീകരിക്കപ്പെടാന്‍ ഇടയാക്കിയതെന്ന പ്രന്‍സിപ്പാളിന്റെ വാദം തെറ്റാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഡാറ്റ വെബ്ഐസെറ്റില്‍ കയറ്റുന്നത് മഹാരാജസ് കോളേജില്‍ നിന്നു തന്നെയാണ്. അതുകൊണ്ടു തന്നെ പിഴവ് സംഭവിച്ചത് മഹാരാജാസ് കോളേജിന് തന്നെയാണെന്നാണ് നിഗമനം. ആര്‍ഷോയുടെ പേര് തെറ്റായി പരീക്ഷാ ഫലത്തില്‍ കയറിക്കൂടിയത് കുറച്ചുസമയത്തേക്ക് മാത്രമാണെന്നും ഇത് ബോധപൂര്‍വം ചെയ്തത് തന്നെയാണെന്നുമാണ് കണ്ടെത്തല്‍. ഇത് ചെയ്തത് അധ്യാപകനാണോ ക്ലറിക്കല്‍ സ്റ്റാഫാണോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരും. അന്വേഷണ സംഘം ഒന്നാം പ്രതിയായ വിനോദ് കുമാറില്‍ നിന്നും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി എസ് ജോയിയില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

തന്റെ പേരിലുള്ള തെറ്റായ ഡാറ്റ എന്‍ ഐ സി വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തത് ആര്‍ക്കിയോളജി വിഭാഗം മേധാവി വിനോദ് കുമാറാണെന്ന് പി എം ആര്‍ഷോ ആരോപിച്ചു. റിസള്‍ട്ട് തയ്യാറാക്കിയ വിനോദ്കുമാര്‍ കേസില്‍ ഒന്നാം പ്രതിയാണ്. തെറ്റായ ഡാറ്റ അപ് ലോഡ് ചെയ്തതുകൊണ്ടാണ് എന്‍ ഐ സി വെബ്സൈറ്റില്‍ തെറ്റായ ഫലം വന്നത്. ഇത് എന്‍ ഐ സിയുടെ പിഴവല്ലെന്നും ഡാറ്റ അപ് ലോഡ് ചെയ്യുന്നവരുടെ പിഴവാണെന്നും ആര്‍ഷോ പറയുന്നു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വ്യക്തിപരമായ പരാതിയല്ല നല്‍കിയതെന്നും പി എം ആര്‍ഷോ വ്യക്തമാക്കി.

അതേസമയം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ പോലീസ് എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തുന്നതിനെക്കുറിച്ച് നിയമവിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്. ഗൂഢാലോചനാ പരാതിയില്‍ സ്വാഭാവികമായ നടപടിയാണിതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഢാലോചനയോ എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പോലീസിന് കഴിയില്ലെന്നാണ് മറുവിഭാഗം വാദിക്കുന്നത്. നോണ്‍ കോഗ്‌നിസബിള്‍ ഒഫന്‍സ് ആയതിനാല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പോലീസിന് എഫ് ഐ ആര്‍ ഇടാന്‍ കഴിയൂവെന്നാണ് വാദം. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് പോലീസല്ല കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നു. ആര്‍ഷോയുടെ കേസില്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടത് അധികാരദുര്‍വിനിയോഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.