നിഖില്‍ തോമസിന്റെ വ്യാജഡിഗ്രി; പോലീസ് അന്വേഷണം തുടങ്ങി

 

ആലപ്പുഴ- നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന്‌സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. നിഖില്‍ തോമസിന്റെ മൊഴിയും രേഖപ്പെടുത്തും. കെഎസ്യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യാജരേഖ നിര്‍മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂവെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കുന്നത്.

2017 -20 കാലഘട്ടത്തിലാണ് നിഖില്‍ കായംകുളത്തെ എംഎസ്എം കോളേജില്‍ ബികോം പഠിച്ച്  തോറ്റത്. 2019 ല്‍ കോളേജിലെ യുയുസിയായി വിജയിച്ച നിഖില്‍ തോമസ്, പിന്നീട് സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായി. അതിന് ശേഷമാണ് പിജിക്ക് ചേര്‍ന്നത്. ഈ കോളേജില്‍ നിന്നും ഡിഗ്രി തോറ്റ നിഖില്‍, ജയിച്ച കലിംഗ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുമായെത്തിയാണ് ഒരു വര്‍ഷത്തിനുള്ളില്‍ മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയത്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ യോഗ്യത ഉറപ്പുവരുത്തിയാണ് പ്രവേശനം നല്‍കിയതെന്നാണ് നിഖിലിന്റെ വാദം. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാടിലാണ് കെ എസ് യു. 

എംഎസ്എം കോളേജില്‍ പഠിച്ച അതേ കാലയളവില്‍  കലിംഗ സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് നിഖിലിന്റെ അവകാശവാദം. ഇതേ കോളേജില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമായി വന്നിട്ടും കോളേജ് മാനജ്‌മെന്റ് എന്ത് കൊണ്ട് അറിഞ്ഞില്ലെന്നതിലും പരിശോധിച്ചില്ലെന്നാണ് കെ എസ് യുവിന്റെ ചോദ്യം. ദുരൂഹതയുള്ളതിനാലാണ് നിഖില്‍ തോമസിന്റെ എംകോം പ്രവേശന വിവരങ്ങള്‍ ആര്‍ ടി ഐ പ്രകാരം ചോദിച്ചിട്ടും കോളേജ് മാനേജ്‌മെന്റ് മറച്ച് വെക്കുന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ വസ്തുത വെളിവാകുമെന്ന് എസ് എഫ് ഐ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.