സ്വാതന്ത്ര്യ ദിനത്തില്‍ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി

 

77-ാം സ്വാതന്ത്ര്യ ദിനത്തില്‍ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ്. സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംസ്ഥാനത്ത് അമ്മമാരുടെയും പെണ്‍മക്കളുടെയും മാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ മണിപ്പൂരില്‍ നിന്ന് വരുന്നത് സമാധാനത്തിന്റെ വാര്‍ത്തകളാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ നടത്തിയ തന്റെ തുടര്‍ച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

സ്വാതന്ത്ര്യ സമരത്തിന് സംഭാവന നല്‍കിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഏറ്റവും അധികം യുവാക്കള്‍ ഇന്ത്യയിലാണ്. ഈ യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്ത്യയില്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവര്‍ക്ക് ആകാശത്തോളം അവസരം ഇന്ത്യ നല്‍കും. ഇന്ത്യയുടെ ശക്തിയും ആത്മവിശ്വാസവും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുകയാണ്.ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് രാജ്യത്തിന് ലഭിച്ചു.ജി-20ന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ രാജ്യത്തിന്റെ പലകോണുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഇതുമൂലം സാധാരണക്കാരന്റെ ശക്തി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.ഇന്ത്യയെ അറിയേണ്ടതിന്റെയും മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകത വര്‍ദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കയറ്റുമതി അതിവേഗം വര്‍ദ്ധിച്ചു. കാര്‍ഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യയുടെ വളര്‍ച്ചയും വികസനവും രാജ്യത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി.മാറുന്ന ലോകത്തെ രൂപപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകള്‍ പ്രധാനമാണ്. ബോളിപ്പോള്‍ നമ്മുടെ കോര്‍ട്ടിലാണ്, അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മോദി പറഞ്ഞു.