കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പത്ത് ലക്ഷം പേര്‍ക്ക് നിയമനം; ആദ്യഘട്ടം ദീപാവലിക്ക് മുന്‍പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് മോദി

 

ന്യൂഡല്‍ഹി : പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളിലേക്കാണ് 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്.,മെഗാ ‘റോസ്ഗര്‍ മേളയ്ക്ക്് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി തുടക്കമിട്ടത്. 75,000 പേര്‍ക്കുള്ള നിയമന ഉത്തരവ് തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി.

100 വര്‍ഷത്തെ തൊഴിലില്ലായ്മയും സ്വയംതൊഴില്‍ പ്രശ്നവും 100 ദിവസം കൊണ്ട് പരിഹരിക്കാനാവില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി തൊഴില്‍, സ്വയം തൊഴില്‍ മേഖലയിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ നാഴിക കല്ലാണ് റോസ്ഗര്‍ മേള. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ളതാണ് ഈ പദ്ധതി. ഉത്പ്പാദന. വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ശ്രദ്ധ നല്‍കുന്നതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നത് ചടങ്ങ് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെബ്കാസ്റ്റിങ് ചെയ്യുകയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു.

പ്രതിരോധ, റെയില്‍വേ, ആഭ്യന്തര, തൊഴില്‍, കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, സിബിഐ, കസ്റ്റംസ്, ബാങ്കിങ് തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. നിലവില്‍ പ്രതിരോധമന്ത്രാലയം, റെയില്‍വേ, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലായാണ് കൂടുതല്‍ ഒഴിവുകളുള്ളത്.