പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി- പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ച ശേഷം ലോക്‌സഭയില്‍ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ഥനയും നടന്നു. വിവിധ മതപണ്ഡിതന്മാര്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രൈസ്തവ മതം, ഇസ്ലാം മതം, സിക്ക് മതം, ജൂത മതം, സൊറോസ്ട്രിയന്‍ മതം, ബഹായി മതം തുടങ്ങിയ മതങ്ങളിലെ പ്രാര്‍ത്ഥനകളാണ് പാര്‍ലമെന്റില്‍ മുഴങ്ങിയത്. പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് മോദി ലോക്സഭയിലേക്ക് പ്രവേശിച്ചത്. ഹര്‍ഷാരവത്തോടെയും മോദി, മോദി മുദ്രാവാക്യം വിളികളോടെയും ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രി എത്തിച്ചേര്‍ന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു പാര്‍ലമെന്റില്‍ രണ്ടാം ഘട്ട ചടങ്ങുകള്‍ക്ക് തുടക്കമായത്. പുതിയ പാര്‍ലമെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും ചടങ്ങിനിടെ പ്രദര്‍ശിപ്പിച്ചുപാര്‍ലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തിയിരുന്നു. 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിച്ചു.

രണ്ട് ഘട്ടമായി നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ര്ടപതിക്കും ഉപരാഷ്രടപതിക്കും ക്ഷണമില്ല. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്-ദീപ് ധന്‍ഖറിന്റെയും സന്ദേശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ വായിച്ചു. 1. 30ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ സമാപിച്ചു.


 2020ല്‍ ആരംഭിച്ച നിര്‍മാണം 899 ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിച്ചത്. നാല് നിലകളിലായി 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 12000 കോടി രൂപയാണ് നിര്‍മാണ ചെലവ്. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എം.പിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണ് ഒരുക്കിയത്.