പിണറായി-സതീശന്‍ സമവായ ചര്‍ച്ചക്ക് വഴി തെളിയുന്നു

മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി
 

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാന്‍ അനുരഞ്ജന ശ്രമങ്ങളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയേക്കും. ഇതിന് മുന്നോടിയായി പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവിന്റെ മുറിയിലെത്തിയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ വി.ഡി. സതീശനെ കണ്ടത്. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കുന്നതില്‍ താല്‍പര്യം അറിയിച്ച സതീശന്‍ പക്ഷെ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് മന്ത്രിയെ അറിയിച്ചു.. ചട്ടം 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അടിയന്തരപ്രമേയ നോട്ടീസ് തന്നെ തള്ളുന്ന സാഹചര്യം ഒഴിവാക്കണം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിരേയും രണ്ട് ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് എതിരേയും നടപടി വേണം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മന്ത്രിക്ക് മുന്നില്‍ വെച്ചത്. ഈ വിഷയങ്ങള്‍ അംഗീകരിക്കാമെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണായകമാകുക.