ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍

 

ഹൈദരാബാദ്: ഖമ്മത്തെ ബിആര്‍സ് മഹാറാലിയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന്  മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം  ഇതെല്ലാം ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല. ഗവര്‍ണറുടെ ഓഫീസ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരത്തിന് മേല്‍ കുതിര കയറുകയാണ്. ഇതിനുദാഹരണമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണറുടെ ഇടപെടല്‍. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടാതെ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്നത് ജനസമ്മതി നേടിയാണെന്ന് കേന്ദ്രം ഓര്‍മിക്കണമെന്നും നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യയുടെ അടിസ്ഥാനശിലയാണെന്നും,  ഹിന്ദിയെ ദേശീയഭാഷയായി ഉയര്‍ത്തിക്കാണിക്കുന്നത് മറ്റ് ഭാഷകളുടെ പ്രാധാന്യം ഇടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ മാതൃഭാഷയും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.