വീണ്ടും ഓപ്പറേഷന്‍ അരിക്കൊമ്പന്‍, കാട്ടാനയെ തളയ്ക്കാന്‍ തമിഴ്‌നാട്

 

ഇടുക്കി- കമ്പം ടൗണിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ തളക്കാന്‍ തമിഴ്‌നാട് വനം വകുപ്പ്. കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്താനാണ് ശ്രമമെന്നാണ് സൂചന. ഇതിനായി ആനമലയില്‍ നിന്നും മുതുമലയില്‍ നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു. ഉച്ചക്ക് ശേഷം കമ്പം ടൗണില്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ആരംഭിക്കും. ആനയെ മയക്കുവെടി വെച്ച് പിടികൂടി കുങ്കിയാനയാക്കാനാകുമോ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന ചോദ്യത്തിന് ഉത്തരമായില്ല. 

തമിഴ്‌നാടിന് തലവേദനയായി മാറിയിരിക്കുന്ന അരിക്കൊമ്പനെ ഇനി കാട്ടിലേക്ക് തിരിച്ചയച്ചതുകൊണ്ട് കാര്യമില്ലെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. പെരിയാര്‍ സങ്കേതത്തിലേക്ക് തിരിച്ചയച്ചാലും ഇനിയും അരിക്കൊമ്പന്‍ ജനവാസ മേഖലയിലെക്ക് തിരിച്ചെത്തുമെന്നാണ് ആനയുടെ സ്വഭാവം അറിയുന്നവരെല്ലാം പറയുന്നത്. അതിനാല്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടി കുങ്കിയാനയാക്കി മാറ്റുകയെന്ന പോംവഴി മാത്രമേ തമിഴ്‌നാട് വനംവകുപ്പിന് മുന്നിലുണ്ടാകൂ. കേരളത്തിലെ പോലെ അരിക്കൊമ്പന്‍ ഫാന്‍സ് ഇല്ലാത്തനാല്‍ ഇതിന് നിയമതടസ്സങ്ങളുണ്ടാകില്ലെന്ന് വേണം കരുതാന്‍.

ആയിരങ്ങള്‍ തിങ്ങിത്താമസിക്കുന്ന കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കാള്‍ അക്രമാസക്തനായി ജനത്തെ നേരിടുകയായിരുന്നു. പരിചിതമല്ലാത്ത ടൗണിലെ വഴികളിലൂടെ ലക്ഷ്യമറിയാതെ ഓടിനടന്ന അരിക്കൊമ്പന്‍ ജനങ്ങളെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.