അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മയക്കുവെടിവെക്കാനുറച്ച് തമിഴ്‌നാട് വനംവകുപ്പ്

 

ഇടുക്കി- തമിഴ്‌നാട്ടിലെ കമ്പത്ത് അരിക്കൊമ്പന്റെ ഓട്ടത്തിനിടെ ആക്രമിക്കപ്പെട്ട ബൈക്ക് യാത്രക്കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57)ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജിജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശനിയാഴ്ച കമ്പം ടൗണില്‍വെച്ചാണ് പാല്‍രാജിനെ അരിക്കൊമ്പന്‍ തട്ടിയിട്ടത്. തലക്കും വയറിനുമായിരുന്നു പരുക്കേറ്റത്.

അതിനിടെ, ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ തുരത്താനുള്ള തമിഴ്നാട് വനംവകുപ്പിന്റെ രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഷണ്മുഖ നദി അണക്കെട്ടിനോട് ചേര്‍ന്നുള്ള വനത്തിലാണിപ്പോള്‍ അരിക്കൊമ്പനുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വനാതിര്‍ത്തിയിലൂടെയാണ് കൊമ്പന്റെ സഞ്ചാരം. വനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന നിമിഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള നീക്കത്തിലാണ് തമിഴ് സംഘം. ദൗത്യത്തിനുള്ള മുഴുവന്‍ സംഘവും ഏത് നിമിഷവും മയക്കുവെടി വെയ്ക്കാന്‍ തയ്യാറായി കമ്പത്ത് തുടരുകയാണ്. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വയ്ക്കുമെന്നും തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. സംഘാംഗങ്ങളും കുങ്കിയാനകളും കമ്പത്ത് തന്നെ തുടരുകയാണ്.

ഒട്ടേറെ മനുഷ്യജീവനുകളും വസ്തുവകകളും നശിപ്പിച്ച് ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്കുവടി വെച്ച് കേരളം പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നത്. അവിടുന്നാണിപ്പോള്‍ അരിക്കൊമ്പന്‍ തമിഴ് വനമേഖലയിലേക്ക് കടന്ന് പുതിയ ഭീഷണി ഉയര്‍ത്തുന്നത്.