തൃക്കാക്കരയില്‍ രാത്രി നിയന്ത്രണം, തട്ടുകടകള്‍ ഉള്‍പ്പെടെ അടപ്പിക്കും, നിയന്ത്രണം രാത്രി 11 മുതല്‍ പുലര്‍ച്ചെ നാല് വരെ

 

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി മരുന്ന് വില്‍പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു. കേരളത്തിലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് പുതിയ നടപടി.

നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെയുള്ളവ രാത്രി 11 ന് അടക്കാന്‍ തീരുമാനമായത്. വ്യാപാരി ഹോട്ടല്‍ സംഘടന പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം. അടുത്ത നഗരസഭാ കൗണ്‍സിലില്‍ തീരുമാനം അംഗീകരിച്ച ശേഷം നടപ്പാക്കും.