ബീഹാറില്‍ 1700 കോടി ചെലവില്‍ നിര്‍മിച്ച പാലം ഗംഗാനദിയില്‍ തകര്‍ന്നു വീണു

 

 

പട്ന- ബിഹാറില്‍ 1700 കോടി ചെലവാക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം തകര്‍ന്ന് വീണു. ഭഗല്‍പൂരില്‍ ഗംഗാനദിക്ക് കുറുകെ പണിയുന്ന അഗുവാനി  സുല്‍ത്താന്‍ഗഞ്ച് നാലുവരി പാതയുള്ള പാലമാണ് തകര്‍ന്നത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.

നദിയിലേക്ക് കെട്ടിയ പാലത്തിന്റെ മുഴുവന്‍ ഭാഗവും നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നു വീഴുകയായിരുന്നു. 2014 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. സുല്‍ത്താന്‍ഖഞ്ച്, ഖദാരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.  പാലം തകരുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.


2015ല്‍ നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത പാലമാണ്. നിര്‍മാണം പൂര്‍ത്തിയായത് 2020ലാണ്. കഴിഞ്ഞ ഏപ്രിലില്‍ ശക്തമായ കാറ്റില്‍ പാലത്തിനു കേടുപാട് സംഭവിച്ചിരുന്നു. ഇത് ആദ്യമായല്ല ബിഹാറില്‍ പാലം തകര്‍ന്നുവീഴുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബുര്‍ഹി ഗന്‍ഡക് നദിക്ക് കുറുകെ പണിത പാലം ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു.