3150 ഏക്കര്‍ കടല്‍നികത്തി തുറമുഖം നിര്‍മിക്കാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്

 


കൊച്ചി-പാരിസ്ഥിതിക പ്രത്യാഘാത ഭീഷണിയെ തുടര്‍ന്ന് പത്തുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച കൊച്ചി ഔട്ടര്‍ഹാര്‍ബര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്. 15,000 കോടി രൂപയിലധികം ചെലവില്‍ 3150 ഏക്കര്‍ കടല്‍ നികത്തി കൊച്ചി തുറമുഖത്തിന് പുറത്ത് കടലില്‍ പുതിയ തുറമുഖം നിര്‍മിക്കുന്നതാണ് പദ്ധതി. കൊച്ചി അഴിമുഖത്തിന്റെ രണ്ടു ഭാഗങ്ങളിലും പുറംകടലിലേക്ക്  ആറ് കിലോമീറ്റലധികം ദൂരത്തില്‍ പടുകൂറ്റന്‍ കടല്‍ഭിത്തികള്‍ നിര്‍മിച്ച് പുതിയ ഹാര്‍ബര്‍ ഒരുക്കിയെടുക്കാനാണ് ശ്രമം. തുറമുഖത്തിന്റെ വടക്ക് ഭഗത്ത് വൈപ്പിന്‍കരയോട് ചേര്‍ന്ന് 2600 ഏക്കറും തുറമുഖത്തിന്റെ തെക്ക് ഫോര്‍ട്ട്‌കൊച്ചിയോട് ചേര്‍ന്ന 650 ഏക്കറും നികത്തിയെടുത്തായിരിക്കും പുതിയ ഹാര്‍ബര്‍ പടുത്തുയര്‍ത്തുക. പുതുതായി നിര്‍മിക്കുന്ന തുറമുഖത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ലോജിസ്റ്റിക് പാര്‍ക്ക്, വെയര്‍ഹൗസുകള്‍, ഓയില്‍ ട്രേഡിങ് ഹബ്ബ്, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ തുടങ്ങിയവ ഉയര്‍ന്നുവരും. കടലിന് മുകളിലൂടെ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാനും പദ്ധതിയുണ്ട്.
നാവികസേനാ ആസ്ഥാനത്തിനടുത്താണ് പുതിയ തുറമുഖ പദ്ധതി വരുന്നത് എന്നത് എന്നതിനാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി പ്രധാനപ്പെട്ടതാണ്. നാവികസേനയുമായി ചര്‍ച്ച ചെയ്ത് 2015ല്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് സേന പിന്മാറിയതോടെ പദ്ധതി നിലച്ചു. മദ്രാസ് ഐഐടിയാണ് പ്രാരംഭപഠനം നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സാധ്യതാപഠനം നടത്തി താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നു. എസ്റ്റിമേറ്റ് കാലാനുസൃതമാക്കി  പദ്ധതി വീണ്ടും കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന പറഞ്ഞു.