കാലവര്‍ഷം നാളെയെത്തും, 4 ജില്ലകളില്‍ ഇന്നും 7 ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

 

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന പ്രവചനം നിലനില്‍ക്കെയാണ് കാലാവസ്ഥാ വകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഈ ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കൂടാതെ അറബിക്കടലില്‍ തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കാനും ഇടയുണ്ട്. അതു കൂടുതല്‍ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കാം എന്നും വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 05 cm നും 50 cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 0.6 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കന്‍ഡില്‍ 05 cm നും 60 cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ട്.

എന്നാല്‍ സ്വതന്ത്ര നിരീക്ഷണ ഏജന്‍സിയായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നത് അനുസരിച്ച് കാലവര്‍ഷം കേരളത്തില്‍ എത്തുക ജൂണ്‍  എട്ടിനായിരിക്കും. നിലവില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലാണ്. ഏകദേശം കൊച്ചിക്ക് സമാനമായാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ലക്ഷദ്വീപ് മുഴുവനായി തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം) വ്യാപിച്ചിട്ടില്ല.