മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണം; ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

 

സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രധിഷേധം ഉയര്‍ത്തി രംഗത്തെത്തി.

സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഭാവിയില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗൗരവമായ പ്രതികരണം വേണമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 ശിശുക്കളുടെ ഉള്‍പ്പെടെ 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമടക്കം 12 നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്.

ജീവനക്കാരുടെ അമിത ജോലിഭാരവും ചികിത്സാ ഉപകരണങ്ങളുടെ അഭാവവുമാണ് കൂട്ടമരണത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രതികരണം അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്നും ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി.