മഅ്ദനിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല, മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് പി.ഡി.പി

 

കൊച്ചി- രക്തസമ്മര്‍ദത്തിലും ക്രിയാറ്റിന്റെ തോലിലുമുള്ള വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍ തുടരണമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മഅ്ദനിക്ക് ഡയാലിസിസ് വേണ്ടിവരുന്ന ഘട്ടമാണ്. കിഡ്‌നി രോഗത്തിന്് ചികിത്സയുണ്ടെങ്കിലും ഇതുവരെ ഡയാലിസിസ് വേണ്ടിവന്നിരുന്നില്ല. ഡയാലിസിസ് നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഡയാലിസിസിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് മഅ്ദനി. രക്തസമ്മര്‍ദം ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഇന്നും ഡോക്ടര്‍മാര്‍ എല്ലാ ടെസ്റ്റുകളും ആവര്‍ത്തിച്ച് നടത്തി രോഗപുരോഗതി വിലയിരുത്തും. 
അതേസമയം അബ്ദുല്‍നാസര്‍ മഅദനിയുടെ ആരോഗ്യനില പരിശോധിക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നും കേരളത്തിന്റേതായ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണമെന്നും പി.ഡി.പി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച് പലകോണുകളില്‍ നിന്നും വ്യത്യസ്ത വിവരങ്ങള്‍ പുറത്തുവരുന്നതിനാലാണ് പാര്‍ട്ടി ആവശ്യം ഉന്നയിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ മഅദനി ഇപ്പോള്‍ നാട്ടിലുണ്ടോ എന്ന മന്ത്രിയുടെ മറുചോദ്യം പാര്‍ട്ടിപ്രവര്‍ത്തകരേയും കുടുംബത്തേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുമതി ലഭിച്ച് കേരളത്തിലേക്ക് എത്തിയ മഅദനിക്ക് യാത്രാമധ്യേ കൊച്ചിയില്‍ വച്ചാണ് ശാരീരിക ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മഅദനിക്ക് തുടര്‍ന്ന് യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും പി.ഡി.പി ജനറല്‍ സെക്രട്ടറി പറഞ്ഞു.