കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി

 

ബംഗളൂരു- കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണു പോളിംഗ്. 80 വയസിനു മുകളിലുള്ളവരില്‍ 90 ശതമാനവും ഇതിനോടകം വീടുകളില്‍ വോട്ടു രേഖപ്പെടുത്തി. എന്നാല്‍, ബംഗളൂരു നഗരത്തിലുള്‍പ്പെടെ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

224 നിയമസഭ മണ്ഡലങ്ങളില്‍ 2615 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ആകെ 5.21 കോടി വോട്ടര്‍മാര്‍. 58,284 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ബിജെപിക്കായി 224 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിനായി 223 സ്ഥാനാര്‍ത്ഥികളും ജെഡിഎസിനായി 207 സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്തുള്ളത്.ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കുന്നത്. തങ്ങളുടെ മേഖലകളില്‍ സ്വാധീനം നിലനിര്‍ത്താനാണ് ജെഡി-എസ് ലക്ഷ്യമിടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ജെഡി-എസിന്റെ നിലപാട് നിര്‍ണായകമാകും. 113 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിനു മുന്‍തൂക്കമുണ്ടെന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനം. വലിയ ഭൂരിപക്ഷം ആരും പ്രവചിച്ചിട്ടില്ല. 140നു മുകളില്‍ സീറ്റ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ഭരണം നിലനിര്‍ത്തുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. 130-135 സീറ്റാണു ബിജെപി നേതാക്കള്‍ പറയുന്നത്. 38 വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ല.