കർണാടകയിൽ പരാതി നൽകാനെത്തിയ സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി ; തല്ലിയിട്ടും കാൽ തൊട്ട് അനുഗ്രഹം വാങ്ങി സ്ത്രീ

 

മർദനത്തിന് ഇരയായിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ സ്പർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം

ബെംഗളൂരു : കർണാടകയിൽ പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണ. ഭൂമിയുടെ പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിൽ പട്ടയം ലഭിക്കാത്തതിന്റെ പേരിൽ പരാതി നൽകാനെത്തിയ സ്ത്രീയെയാണ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മന്ത്രി തല്ലിയത്. ചാംരാജ്‌നഗർ നഗറിലെ ഒരു പൊതു പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം.

ദാരിദ്രരേഖക്ക് താഴെയുള്ള വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്ന പരിപാടിക്കിടെ വേദിയിലെത്തി വീട് ലഭിക്കാത്തതിലെ പരാതി അറിയിച്ച സ്ത്രീയുടെ മുഖത്ത് മന്ത്രി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രി ക്ഷമാപണം നടത്തി.ദാരിദ്രരേഖക്ക് താഴെയുള്ള തനിക്ക് വീടിന് അർഹതയുണ്ടായിട്ടും വീട് ലഭിച്ചില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു സ്ത്രീ. ഇവർ വേദിയിലേക്ക് കയറിയതിൽ അനിഷ്ടമാണ് കരണത്തടിച്ച് മന്ത്രി പ്രകടിപ്പിച്ചത്.

മർദനത്തിന് ഇരയായിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ സ്പർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.എന്നാൽ മന്ത്രി സോമണ്ണ തന്നെ തല്ലിയ കാര്യം കെമ്പമ്മ എന്ന സ്ത്രീ നിഷേധിച്ചു. മന്ത്രി തന്നെ ആശ്വസിപ്പിക്കുകയാണെന്നും വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുവെന്നും അവർ പറഞ്ഞു.

‘ഞാൻ വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ്, ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അതിനാൽ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു, പക്ഷേ അവർ എന്നെ തല്ലിയതായി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് കെമ്പമ്മ പറഞ്ഞു. ‘അദ്ദേഹം ഞങ്ങൾക്ക് ഭൂമി നൽകി. ഞങ്ങൾ അടച്ച 4,000 രൂപയും അദ്ദേഹം തിരികെ നൽകി. മറ്റ് ദൈവങ്ങൾക്കും ദേവതകൾക്കും ഒപ്പം ഞങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ ആരാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഈ പരിപാടിക്കായി മന്ത്രി വി. സോമണ്ണ വൈകിട്ട് 3.30ന് എത്തേണ്ടതായിരുന്നുവെങ്കിലും എത്തിയത് ആറരയോടെയാണ്. പരിപാടിയിൽ 175 ഭൂമിയുടെ പട്ടയങ്ങൾ വിതരണം ചെയ്തു. നേരത്തെ നിയമ മന്ത്രി ജെ. സി മധുസ്വാമിയും സമാനമായ രീതിയിൽ പൊതു മധ്യത്തിൽ ജനങ്ങളെ മർദ്ദിച്ച് കേസിൽപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് മറ്റൊരു ബിജെപി എംഎൽഎ ഒരു സ്ത്രീയെ അസഭ്യം പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.