കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി, ജനവിധിയറിയാന്‍ മണിക്കൂറുകള്‍

 

ബംഗളൂരു- കര്‍ണാടകം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഫല സൂചനകള്‍ പുറത്തുവരും. 31 ജില്ലകളിലെ 224 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 2,163 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയം എന്തായിരിക്കുമെന്ന് ഉച്ചക്ക് മുമ്പേ വ്യക്തമാകും. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തിന്റെ വിധിയെഴുതിയത്.

ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ ചരടുവലികളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.

28 ലോകസഭാ സീറ്റുകള്‍ ഉള്ള കര്‍ണാടക ബിജെപിക്ക് കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗരപ്രദേശങ്ങളിലെ മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

ന്യൂനപക്ഷം, ഒബിസി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടുതലും കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് സര്‍വ്വേഫലങ്ങള്‍. കര്‍ണാടകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 1989 വരെ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനുശേഷം ബിജെപിയുടെ വോട്ടുബാങ്കായി മാറിയത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിമാരായിട്ടുള്ള ബി എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തില്‍നിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാര്‍വാഡ്, ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

ജനസംഖ്യയുടെ 13 ശതമാനം വരുന്ന വൊക്കലിഗയാണ് കര്‍ണാടകത്തിന്റെ വിധിയെഴുത്തില്‍ നിര്‍ണായക സ്വാധീനമുള്ള മറ്റൊരു സമുദായം. പരമ്പരാഗതമായി വൊക്കലിഗ സമുദായം കോണ്‍ഗ്രസിനും ജനതാദള്‍ എസിനുമൊപ്പം അടിയുറച്ചുനില്‍ക്കുന്നവരാണ്. വൊക്കലിഗ സമുദായത്തില്‍നിന്നുള്ള എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവര്‍ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും വൊക്കലിഗ സമുദായത്തില്‍നിന്നുള്ളയാളാണ്. ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസന്‍, മൈസൂരു, തുമുകുരു, ചാമരാജ് നഗര്‍ എന്നിവയാണ് വൊക്കലിഗ സമുദായത്തിന്റെ സ്വാധീനകേന്ദ്രങ്ങള്‍.