കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി പ്രസൂണ്‍ജിത് സിക്ദര്‍ എന്ന ഭിക്ഷക്കാരന്‍
 

തീവെയ്പ് ഭിക്ഷാടനത്തിലൂടെ പണം കിട്ടാത്ത മാനസിക വിഭ്രാന്തിയില്‍

 



കണ്ണൂര്‍-  കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് പശ്ചിമ ബംഗാള്‍ സ്വദേശി പ്രസൂണ്‍ജിത് സിക്ദര്‍(40) എന്ന ഭിക്ഷാടകനെന്ന് പോലീസ്. എലത്തൂര്‍ ട്രെയിന്‍ തീവെയ്പുമായി കണ്ണൂര്‍ ട്രെയിന്‍ തീവെയ്പിന് ബന്ധമുള്ളതായി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും ഐ ജി നീരജ്കുമാര്‍ ഗുപ്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

ഭിക്ഷാടനത്തിലൂടെ പണം കിട്ടാതെ വന്നതിന്റെ മാനസിക പ്രക്ഷുബ്ധതയാണ് ട്രെയിനിന് തീവെയ്ക്കാനുള്ള പ്രകോപനമെന്ന് ഐ ജി പറയുന്നു. കൊല്‍ക്കത്ത 24 സൗത്ത് പര്‍ഗാനാസ് സ്വദേശിയായ പ്രസൂണ്‍ജിത് നാട്ടില്‍ ഇലക്ട്രീഷ്യനായിരുന്നു. പിന്നീട് ഏറെ കാലം ഹോട്ടലുകളില്‍ വെയ്റ്ററായി ജോലി ചെയ്തു. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ നഗരങ്ങളിലെ നിരവധി ഹോട്ടലുകളില്‍ വെയ്റ്ററായി ജോലി നോക്കി. രണ്ട് വര്‍ഷം അതിന് ശേഷം മുമ്പ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ പെറുക്കി വില്‍ക്കുന്ന ജോലി ചെയ്യാനാരംഭിച്ചു. രണ്ടു വര്‍ഷമായി ഈ ജോലി നിര്‍ത്തി ഭിക്ഷാടകനായി മാറി. എറണാകുളം അടക്കം പല സ്ഥലങ്ങളില്‍ലും സഞ്ചരിച്ച് ഭിക്ഷയെടുത്തായിരുന്നു ജീവിതം. തലശേരിയില്‍ എത്തിയതിന് ശേഷം ഭിക്ഷാടനത്തിലൂടെ പണം കിട്ടാതായി. ഇതോടെ മനോനില തകരാറിലായ ഇയാള്‍ കണ്ണൂരിലെത്തി. 

പുകവലിക്കാരനായ ഇയാള്‍ കൈയിലുള്ള തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. കത്തിക്കുന്നതിന് പെട്രോളോ ഡീസലോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. റെയില്‍വെ സ്റ്റേഷനിലെ സെക്യൂരിറ്റിക്കാരുമായോ മറ്റോ ഇയാള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് ഐ ജി പറഞ്ഞു.