കെ വിദ്യ അറസ്റ്റില്‍, പിടിയിലായത് മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

 

കോഴിക്കോട്- മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജപ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ പിടിയിലായത്. ഇന്ന് അര്‍ധരാത്രിയോടെ അഗളി സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്ന വിദ്യയെ നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജി  ഈ മാസം 24ന് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയത് വ്യാജ രേഖകളാണെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ മഹാരാജാസ് കോളജിലേതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കൊളീജിയേറ്റ് സംഘം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളേജില്‍ എത്തി പരിശോധന നടത്തിയിരുന്നു.