കെ സുധാകരന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനം രാജിവെക്കും

 

 തിരുവനന്തപുരം- പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ കെ സുധാകരന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനമൊഴിയും. സുധാകരന്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സുധാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് നേതൃമാറ്റ ആവശ്യം ഉയരുന്നതിന് മുമ്പേ രാജിവെച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് കേസില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്താണ്. സുധാകരന്‍ രാജി നല്‍കിയാല്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. ഇത് ഉണ്ടാക്കാന്‍ സാധ്യതയുള്ള ഉള്‍പ്പോര് കൂടി കണക്കിലെടുത്താകും രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക.

കേസില്‍ പ്രതിയായതുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാങ്കേതികമായി സുധാകരന് തടസ്സമില്ല. പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിയായിരുന്നാണ് സി പി എം സെക്രട്ടറിയായി തുടര്‍ന്നതും കേസിനെ നേരിട്ടതും. എന്നാല്‍ പിണറായിക്ക് ലഭിച്ച പിന്തുണ പാര്‍ട്ടിയില്‍ സുധാകരന് ലഭിക്കില്ലെന്ന് വ്യക്തമായ സൂചനകള്‍ വന്നിരുന്നു.

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയായി സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഒതുങ്ങി നിന്ന സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. എന്നാല്‍ പുരാവസ്തുതട്ടിപ്പു കേസില്‍ പ്രതിയായതോടെ സുധാകരന് പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ചുവന്ന പിന്തുണ നഷ്ടമാകുകയാണ്.