അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് ആഗ്രഹിക്കുന്നു; സുരേഷ് ഗോപി

 
ക്ഷേമത്തിനെന്ന് പറഞ്ഞ്  ദളിത് സമുദായത്തിന്റെയടക്കം അവകാശങ്ങള്‍ തട്ടിയെടുത്ത രാഷ്ട്രീയ തസ്‌കരന്‍മാരാണ് ഇവരെന്നും സുരേഷ് ഗോപി

ടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് അടിയുറച്ച് ആഗ്രഹിക്കുന്നുവെന്ന് സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം, പൂജാ കര്‍മ്മങ്ങളുടെ ഭാഗമാകാന്‍ അതിയായി താന്‍ ആഗ്രഹിക്കുന്നു, അതൊരു പുണ്യമായി കാണുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടത്. രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നും ഒരു വിഭാഗം  മാധ്യമങ്ങള്‍ ഇതിന് കൂട്ടുനിന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്,നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്. ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി', സുരേഷ് ഗോപി വ്യക്തമാക്കി.

ഈശ്വരനെ പ്രാര്‍ഥിക്കാന്‍ പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവവമാണ്. മാംസവും ചോരയുമുള്ള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്‌മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണം. ഇത്തരത്തില്‍ ബ്രാഹ്‌മണനാകാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകളാണ് 2016ല്‍ വിവാദമായത്. ബ്രാഹ്‌മണ സമുദായത്തിന് വേണ്ടി സംസാരിച്ചതിന് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ വേട്ടയാടി. രാഷ്ട്രീയം തൊഴിലാക്കിയവരാണ് ഈ ഗൂഢാലോചന  നടത്തിയത്. ക്ഷേമത്തിനെന്ന് പറഞ്ഞ്  ദളിത് സമുദായത്തിന്റെയടക്കം അവകാശങ്ങള്‍ തട്ടിയെടുത്ത രാഷ്ട്രീയ തസ്‌കരന്‍മാരാണ് ഇവരെന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി. രാഷ്ട്രീയമെന്ന് പറഞ്ഞ് കാപ്പിതോട്ടവും വാഹനങ്ങളും വാങ്ങികൂട്ടിയ തസ്‌കരന്‍മാരാണിവര്‍. ഈ രാഷ്ട്രീയ തസ്‌കരന്‍മാരെ ഒഴിവാക്കി , ഒരുമിച്ചുള്ള സമൂഹവികസനമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്.

സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ എം.കെ സാനു മാഷിന് എത്താന്‍കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പോലും ഇത്തരത്തിലുള്ള ദുര്‍ഖ്യാനങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. മാതാ അമൃതാനന്ദമയി, സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് മുന്‍പ് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്