അനിശ്ചിതത്വമൊഴിഞ്ഞു, അരിക്കൊമ്പനെ ഇന്നു തന്നെ കാട്ടില്‍ വിടാമെന്ന് ഹൈക്കോടതി

 

തിരുനെല്‍വേലി- മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അരിക്കൊമ്പനെ തിരുവനെല്‍വേലി കളക്കാട് ടൈഗര്‍ റിസര്‍വ് ഫോറസ്റ്റില്‍ തുറന്നു വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആനയെ കാട്ടില്‍ തുറന്നു വിടാതെ സൂക്ഷിക്കുന്നതിന്റെ അപകടം വനംവകുപ്പ് കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആനയെ കാട്ടില്‍ തുറന്നു വിടാന്‍ അനുമതി ലഭിച്ചത്. മയക്കുവെടി കിട്ടിയ ആന അവശനാണെന്നും ഇനിയും കാട്ടില്‍ വിടാതെ സൂക്ഷിച്ചാല്‍ ആനയുടെ ജീവന്‍ അപകടത്തിലാകുമെന്നും വനംവകുപ്പ് കോടതിയെ ബോധിപ്പിച്ചു.  

ഹൈക്കോടതി അനുമതി നല്‍കാതെ വന്നാല്‍ അരിക്കൊമ്പനെ ഗംഗൈകൊണ്ടന്‍ മാര്‍പാര്‍ക്കില്‍ താമസിപ്പിക്കാന്‍ ആലോചന നടന്നിരുന്നു. കാലുകള്‍ ബന്ധിച്ച് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ നാളെ വരെ ഇവിടെ നിയന്ത്രണത്തില്‍ സൂക്ഷിക്കാനായിരുന്നു ആലോചന. ഗംഗൈകൊണ്ടന്‍ മാന്‍ പാര്‍ക്കില്‍ അരിക്കൊമ്പന്‍ എത്തുമ്പോള്‍ വിശ്രമത്തിനുള്ള സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു. കനത്തചൂടില്‍ ആന അവശനായതിനാല്‍ വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ഫയര്‍ഫോഴ്‌സ് ടാങ്കര്‍ ലോറികളില്‍ വെള്ളവും എത്തിച്ചിരുന്നു. ഇതിനിടെയാണ് ആനയെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നത് നാളെ വരെ തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് വന്നത്. ഇതോടെ മാന്‍ പാര്‍ക്കിലെ ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. നാലു കാലിലും വടംകെട്ടി മരത്തില്‍ ബന്ധിച്ച് നിര്‍ത്തി കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ നാളെ കോടതി ഉത്തരവ് വരും വരെ നിര്‍ത്താന്‍ തടസങ്ങളില്ലെന്നാണ് വിദഗ്ധര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനിടയില്‍ ആനയെ ഇന്നു തന്നെ കാട്ടില്‍ തുറന്നു വിടാനുള്ള ഉത്തരവ് വന്നതോടെ അനിശ്ചിതത്വം ഒഴിഞ്ഞു. 

ഇതിനിടെ കളയ്ക്കാട് ടൈഗര്‍ റിസര്‍വില്‍ ആനയെ തുറന്നു വിടുന്നതിനെതിരെ തദ്ദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. കാട്ടാന ആക്രണമുള്ള മേഖലയാണിതെന്നതിനാല്‍ അരിക്കൊമ്പന്‍ കൂടി വരുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ടൈഗര്‍ റിസര്‍വിലെ മറ്റൊരു പ്രദേശത്താണ് ആനയെ വിടുന്നതെന്നാണ് വനംവകുപ്പ് നാട്ടുകാരെ അറിയിച്ചിട്ടുള്ളത്.