കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളില്‍ പ്രതികളുടെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി

 
കൊച്ചി - കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ പെരുമ്പാവൂർ ജിഷ വധ കേസിലും ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ മാനസിക നിലയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കണമെന്ന് ഹൈക്കോടതി. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നീനോ മാത്യു ,എന്നിവരുടെ പശ്ചാത്തലവും മാനസിക നിലയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. 
ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 ടീമാണ് പഠനം നടത്തി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇതിന്റെ അടിസ്ഥാത്തിലാണ് വധശിക്ഷ ഇളവു നല്‍കുന്നതിന്റെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.
ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടാകുന്നത്. 
2016ലായിരുന്നു നിയമ വിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം.2014 ലാണ് നിനോ മാത്യു തന്റെ പെണ്‍ സുഹൃത്തിന്റെ ഭര്‍തൃമാതാവിനെയും മൂന്ന് വയസ്സുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. രണ്ടു കേസിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. രണ്ടു പ്രതികളുടെയും സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്ന പരിശോധന നടക്കും . രണ്ട് മാനസികാരോഗ്യ വിദഗ്ധരെ കൊണ്ട് പ്രതികളുടെ മാനസിക നിലയും പരിശോധിക്കണം. നിലവില്‍ ജയിലിലിലെ പെരുമാറ്റ രീതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ജയില്‍ ഡി.ജി പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിർദേശിച്ചു.