അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ത്രിശങ്കുവിലായി
 

തിരുനെല്‍വേലി-അരിക്കൊമ്പന്‍ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ കേരളത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. 

കേരളത്തിന്റെ സ്വാഭാവിക കാലാവസ്ഥിലും ആവാസ വ്യവസ്ഥയിലും വിഹരിച്ചിരുന്ന അരിക്കൊമ്പനെ തീര്‍ത്തും വ്യത്യസ്തമായ ആവാസ വ്യവസ്ഥയുള്ള തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നത് ആനയുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ കേരളത്തിന് കൈമാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നത്. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. കോടതി ഇടപെട്ടതോടെ അരിക്കൊമ്പന്‍ ദൗത്യം ത്രിശങ്കുവിലായ അവസ്ഥയിലാണ്. ആനയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തമിഴ്‌നാട് വനംവകുപ്പിന് ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല. ആനയെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെങ്കിലും ഇനിയും മയക്കുമരുന്ന് നല്‍കേണ്ടതായി വരും. ഇപ്പോള്‍ തന്നെ മയക്കുവെടിയും ബൂസ്റ്റര്‍ ഡോസും മൂലം അവശനായ അരിക്കൊമ്പന് ഇനിയും മരുന്ന് താങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മയക്കം വിട്ടുണര്‍ന്നാല്‍ ആന അക്രമാസക്തനാകുമെന്നതിനാല്‍ തിരക്കിട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സൗകര്യവും ഇവിടെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കുകയാണ്. കോടതിയെ ഇന്നു തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ആലോചനയുണ്ട്.