അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ ഒരാഴ്ചക്കകം തീരുമാനിക്കണം: ഹൈക്കോടതി

 
കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും എന്നാൽ ഏതെങ്കിലും സംരക്ഷണ കേ.ന്ദ്ര
ത്തിലേക്ക് മാറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മറ്റെവിടേക്കെങ്കിലും മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും ഉണ്ടെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. 
'ദിസ് വെക്കേഷന്‍ ഈസ് വിത്ത് അരിക്കൊമ്പന്‍' എന്ന പരാമര്‍ശവും കോടതി നടത്തി. അവധിക്കാലത്തും കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി.