സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

 

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  എറണാകുളം സെന്‍ട്രല്‍ സെല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സ്ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.