സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

 
യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മരെ നിയമിക്കാന്‍ തന്റെ ഗവര്‍ണര്‍ കാലാവുധി അവസാനിക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കയാണ്. യോഗ്യരായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനായി ഞാന്‍ നടത്തിയ ശ്രമങ്ങള്‍ തടയപ്പെട്ടിരിക്കയാണ്. യോഗ്യതയില്ലാത്തവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാകുന്നു. പരീക്ഷ എഴുതാത്തവര്‍ പാസാകുന്നു,തോറ്റ വിദ്യാര്‍ഥികള്‍ ഉപരിപഠനം നടത്തുന്നു.

തൃശൂര്‍-സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. മാളയിലെ ഹോളിഗ്രേയ്സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹതയില്ലാത്തവര്‍ യൂണിവേഴ്സിറ്റികളുലും കോളേജുകളിലും എത്താനിടയായതാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ മലീമസമാക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മരെ നിയമിക്കാന്‍ തന്റെ ഗവര്‍ണര്‍ കാലാവുധി അവസാനിക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കയാണ്. യോഗ്യരായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനായി ഞാന്‍ നടത്തിയ ശ്രമങ്ങള്‍ തടയപ്പെട്ടിരിക്കയാണ്. യോഗ്യതയില്ലാത്തവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാകുന്നു. പരീക്ഷ എഴുതാത്തവര്‍ പാസാകുന്നു,തോറ്റ വിദ്യാര്‍ഥികള്‍ ഉപരിപഠനം നടത്തുന്നു. ഇവയെല്ലാമാണ് ഇന്നത്തെ അവസ്ഥ. ഇവയെല്ലാം രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും സൃഷ്ടിച്ച കടുത്ത ആശങ്കകളാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഉപരിപഠനത്തിനായി സംസ്ഥാനം വിടുവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്തെതന്നെ ഏറ്റവും മികച്ച  വിദ്യാര്‍ഥികളാണ് കേരളത്തിലേത്. ഹയര്‍സെക്കന്‍ഡറി വരെ ഈ മികവ് നിലനിറുത്താനുമാകുന്നുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസം മേഖലയിലെത്തുമ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിയുകയാണ്. സിവില്‍ സര്‍വീസ് പോലുള്ള ദേശീയ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ ഉന്നതവിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്തുനിന്നും 38 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിച്ചത് മറ്റ് സംസ്ഥാനങ്ങളെയാണെന്നാണ് തന്റെ പരിശോധനയില്‍ കണ്ടെത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.ഏത് രാജ്യത്തിന്റെയും സാമ്പത്തിക പുരോഗതിയും മാനവിക നവീകരണവും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകു.കാല്‍നൂറ്റാണ്ടിലേക്കെത്തുന്ന ഹോളിഗ്രേയസ് ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹോളിഗ്രേയ്സ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ട്രോഫികള്‍ നല്‍കി ഗവര്‍ണര്‍ അനുമോദിച്ചു.ചെയര്‍മാന്‍ ഇ.വി.സാനി അധ്യക്ഷത വഹിച്ചു. എസ്.ഐ.ജി.എന്‍.പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡയരക്ടര്‍ ഡോ.റോയ് ജോണ്‍,എബ്രഹാം നിര്‍മല്‍, രൂപേഷ് ആര്‍.മേനോന്‍, ബെന്നിജോണ്‍, സന്‍കേത് സക്സേന,പ്രൊഫ.കെ.പ്രതാപന്‍,പി.ആര്‍.ശിവശങ്കരന്‍,ജോസ് കണ്ണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ക്ലേവിന്റെ ഭാഗമായി 'ഭാവി ഇന്ത്യ'എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ വിവിധ മേഖലകളില്‍ നിന്നായി പ്രോഫ.കെ.പ്രതാപന്‍, ശിവന്‍ അമ്പാട്ട്,സാന്‍കെറ്റ് സക്സേന,ഡോ.കെ.കെ.സാജു,പി.ആര്‍.ശിവദാസന്‍,ഷെഫ് സുരേഷ് പിള്ള,രാഹുല്‍ ഈശ്വര്‍,മൃണാള്‍ദാസ് വെങ്കട്ട്,നിര്‍മല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.