പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

കൊച്ചിയിലെത്തിയ ഗവര്‍ണര്‍ നിരാശനായി മടങ്ങുന്നു
 

കൊച്ചി-ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പേര് പട്ടികയിലില്ലെന്നറിഞ്ഞ് മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയത് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. രാജീവ് ആണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.
സാധാരണ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയസ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉണ്ടാകും.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ തന്നെ കൊച്ചിയിലെത്തിയിരുന്നുവെങ്കിലും പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹം ഇന്ന് രാവിലെ മടങ്ങുകയാണ്.