പഞ്ചാബില്‍ മിലട്ടറി ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

 
ചണ്ഡീഗഢ്: പഞ്ചാബിലെ ഭട്ടിൻഡ മിലിട്ടറി ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഭീരാക്രമണമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ക്യാമ്പിലുള്ള സൈനികന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. പ്രദേശം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് സംഭവിച്ചതെന്ന് സൈന്യത്തിന്‍റെ ഭാഗത്തു നിന്ന് കൂടുതല്‍ വിശദീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. 
സൈനിക സ്‌റ്റേഷനു പുറത്ത് പൊലീസ് സംഘം കാത്തുനിൽക്കുന്നുണ്ടെന്ന് ഭട്ടിന്‍ഡ സീനിയർ പൊലീസ് സൂപ്രണ്ട് ജി.എസ് ഖുറാന പറഞ്ഞു. ഇതൊരു ഭീകരാക്രമണമാണെന്ന് തോന്നുന്നില്ലെന്നും സൈനിക ക്യാമ്പിലെ ആഭ്യന്തര കാര്യമായിരിക്കാമെന്നും ജി.എസ് ഖുറാന പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.