അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നത് സാങ്കേതിക തകരാർ മൂലമെന്ന് കണ്ടെത്തി

 

അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിന് സമീപമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണത്

ന്യൂഡൽഹി : അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നത് സാങ്കേതിക തകരാർ മൂലമെന്ന് കണ്ടെത്തി. തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു.സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം പരിശോധിക്കും. കാലാവസ്ഥ അനുകൂലവും പൈലറ്റുമാർ അനുഭവ പരിചയമുള്ളവരുമായിരുന്നു. അപകടത്തിൽ മലയാളി ഉൾപ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്.

അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിന് സമീപമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണത്. എച്ച്എഎൽ രുദ്ര എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്.ട്യൂട്ടിംഗ് ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് അപകടം. ക്രാഷ് സൈറ്റ് റോഡ് മാർഗം ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ നടത്താനും രക്ഷാപ്രവർത്തനം നടത്താനും ബുദ്ധിമുട്ടാണ്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച ആക്രമണ ഹെലികോപ്റ്ററാണ് രുദ്ര. ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ (ALH) വെപ്പൺ സിസ്റ്റം ഇന്റഗ്രേറ്റഡ് (WSI) Mk-IV വേരിയന്റാണിത്.

ഒക്ടോബർ 5 ന് അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപം ഫോർവേഡ് ഏരിയയിൽ പറന്നുകൊണ്ടിരുന്ന ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ പതിവ് യാത്രയ്ക്കിടെ തകർന്ന് ഒരു പൈലറ്റ് മരിച്ചിരുന്നു.