മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു

 

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മന്‍  ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.25ന് അന്ത്യം ബെംഗളൂരു ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ മരണ വിവരം സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും.

കേരളം കണ്ട ഏറ്റവും ജനകീയനായി നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 53 വര്‍ഷം പുതുപ്പള്ളിയുടെ ജന പ്രതിനിധിയായിരുന്നു. 1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെ.എസ്.യുവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

കേരളത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ പ്രായോഗിക മുഖമായിരുന്നു. 11 തവണ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി അദ്ദേഹം ജയിച്ചു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ജനസമ്പര്‍ക്ക പരിപാടികളില്‍ക്കൂടി എന്‌നും കേരളത്തിലെ ഓരോ ജനങ്ങള്‍ക്കും താങ്ങായും തണലായും അദ്ദേഹം ഉണ്ടായിരുന്നു. സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ വിശ്രമരഹിതനായി അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ ഉറച്ചു നിന്നു. 2004-2006 വരെയും, 2006 മുതല്‍-2011 വരെയും രണ്ട് തവണയായി ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യ മന്ത്രിയായി ചുമതലയേറ്റു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ മാത്രമല്ല ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിസന്ധിയിലും കൂട്ടായി നിന്ന കര്‍മ്മനിരതനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷ നേതാക്കളും അനുശോചനം അറിയിച്ചു.