തീയിട്ടത് എലത്തൂരില്‍ തീവെച്ച അതേ ട്രെയിനിന്, അക്രമിയുടെ ദൃശ്യങ്ങള്‍ പുറത്ത്

 

 

കണ്ണൂര്‍- കണ്ണൂര്‍ എലത്തൂരില്‍ രണ്ടു മാസം മുന്‍പ് അക്രമി തീയിട്ട അതേ ട്രെയിനിന് ഇന്നു പുലര്‍ച്ചെ മറ്റൊരു അക്രമി തീവെച്ചു. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു.  റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനിന് ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അജ്ഞാതന്‍ തീയിട്ടത്. തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടന്‍തന്നെ തീ ആളക്കത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തി 45 മിനിറ്റിനുള്ളില്‍ തീ അണച്ചു. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. എന്‍ജിന്‍ വേര്‍പെടുത്തിയാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

രാത്രി കണ്ണൂരില്‍ എത്തിയ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്നാാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചക്ക് ഇന്റര്‍സിറ്റി എകസ്പ്രസ് ആയി സര്‍വ്വീസ് നടത്തേണ്ട ട്രെയിനായിരുന്നു ഇത്. ഫോയര്‍ഫോഴ്സ്  സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ഒരു ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. റെയില്‍ വേ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന് ട്രാക്കിനടുത്തേക്ക് എത്താന്‍ കഴിയാതിരുന്നത് തീ പെട്ടെന്ന് അണയ്ക്കുന്നതിന് തടസമായി. കൂടുതല്‍ ബോഗികളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഇതേ ട്രെയിനിലാണ് എലത്തൂരില്‍ വെച്ച് അക്രമി തീകൊളുത്തിയത്. പെട്രോള്‍ ട്രെയിനില്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഓടിക്കൊണ്ടിരിന്ന ട്രെയിനിലെ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പുറത്തേക്ക് എടുത്തു ചാടിയ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ അന്ന് മരണമടഞ്ഞിരുന്നു. ഇന്നും അതേ രീതിയില്‍ തന്നെ പെട്രോള്‍ ഒഴിച്ചാണ് തീയിട്ടിരിക്കുന്നത്. എന്‍ ഐ എ അന്വേഷണം നടക്കുന്നതിനിടെയുണ്ടായ തീവെയ്പ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.