ഫാരിസ് അബൂബക്കറിന് കുരുക്ക് മുറുകുന്നു; ഫ്‌ലാറ്റ് മുദ്രവച്ച് ഇഡി, സിനിമാ രംഗത്തേക്കും അന്വേഷണം

ഫാരിസിന്റെ ഇടനിലക്കാരന്‍ കണ്ണൂര്‍ സ്വദേശി
 

 

പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായി കണ്ടെത്തല്‍. ആദായനികുതി  വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നിന്നും ലഭിച്ച രേഖകളില്‍ വിശദ പരിശോധന തുടരുകയാണ്. ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരിലേക്കാണ് പ്രധാനമായും അന്വേഷണം. വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയെന്നാണ് ഇഡി നിഗമനം.  ഇയാളുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു ഫ്‌ലാറ്റ് മുദ്രവച്ചു. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്നാണ് സംശയിക്കുന്നത്. 
കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിറ്റ് വന്‍ ലാഭം നേടിയത്. 
100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുന്നത്. ഫാരിസ് അബൂബക്കറിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുരേഷിന്റെ വസതിയിലും പരിശോധന നടന്നു. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറയുടെ ഭര്‍ത്താവാണ് സുരേഷ്.