ലൈഫ് മിഷന്‍ കോഴ: യു വി ജോസിനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുന്നു

സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം സംബന്ധിച്ചും ഇ ഡി അന്വേഷണം

 

കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. രാവിലെ ഇ ഡി ഓഫീസില്‍ ഹാജരായ ജോസിനെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്ത യൂണിടാക് എം ഡി സന്തോഷ് ഈപ്പനോടൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറിനെക്കുറിച്ച് യു വി ജോസിന് അറിവുണ്ടായിരുന്നുവെന്നും കമ്മീഷന്‍ തുകയില്‍ ഒരു പങ്ക് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് സന്തോഷ് ഈപ്പന്‍ നല്‍കിയിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസിനെ ചോദ്യം ചെയ്യുന്നത്.  ചൊവ്വാഴ്ച ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 
അതേസമയം സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തില്‍ ഇഡി വിശദാംശങ്ങള്‍ തേടി. വിഷയത്തില്‍ സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു. എം ശിവശങ്കര്‍ ഇടപ്പെട്ട് സ്‌പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായാണ് സ്വപ്‌നയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്‌ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശമ്പളമായി സ്വപ്‌നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെഎസ്‌ഐടിഐല്‍ എം ഡി ജയശങ്കര്‍ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരെയൊരു നിയമന നടപടി. നിയമനം ശിവശങ്കര്‍ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ശിവശങ്കറും സ്വപ്‌നയും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് തെളിവായത്.