ഒഡീഷ കണ്ണീര്‍ക്കടല്‍, മരണസംഖ്യ 233 ആയി, 900 ത്തില്‍ ഏറെ പേര്‍ക്ക് പരിക്ക്

 

ഭൂവനേശ്വര്‍- ഒഡീഷയെ കണ്ണീര്‍ക്കടലാക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി. ചീഫ് സെക്രട്ടറി പ്രദീപ്കുമാര്‍ ജെനയാണ് ഇന്നു പുലര്‍ച്ചെ മരണ സംഖ്യ ട്വീറ്റ് ചെയ്തത്.  അപകടത്തില്‍ 900-ത്തില്‍ എറെ പേര്‍ക്ക് പരിക്കേറ്റതായി ചീഫ് സെക്രട്ടറിയെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. അപകട സ്ഥലത്തു നിന്ന് 120-ലേറേ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അകകടമാണിത്. ഒഡിഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണത്തിന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ആഹ്വാനം ചെയ്തു.


ദുരന്ത സ്ഥലത്ത് രാവിലെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാലസോര്‍ ജില്ലയിലെ ആശുപത്രികള്‍ക്ക് പുറമെ സമീപ ജില്ലകളിലെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍, 4 ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് യൂണിറ്റുകള്‍, 15 ലധികം ഫയര്‍ റെസ്‌ക്യൂ ടീമുകള്‍, 30 ഡോക്ടര്‍മാര്‍, 200 പോലീസ് ഉദ്യോഗസ്ഥര്‍, 60 ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിയിരിക്കുകയാണ്. അവസാനത്തെ ജീവനും രക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍.

ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള 38-ഓളം ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. 40-ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.

കൊല്‍ക്കത്തയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റര്‍ വടക്കുമുള്ള ബാലസോര്‍ ജില്ലയിലെ ബഹനാഗയിലാണ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല.