മലപ്പുറം പാർസൽ സ്വർണക്കടത്ത്; കൊച്ചി ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറസ്റ്റിൽ

 
മലപ്പുറം - ഗൾഫിൽനിന്ന് വന്ന പാർസലിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചി ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അഷുതോഷിനെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച സ്വർണം ഇയാൾ ക്ലിയർ ചെയ്തു നല്കുകയായിരുന്നു.
 സ്വർണക്കടത്ത് സംഘത്തിന് സൂപ്രണ്ട് പലതവണ സഹായം ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ വീട്ടിൽ ഡി ആർ ഐ പരിശോധന നടത്തി.
വിദേശ പാർസൽ വഴി കടത്തിയ സ്വർണം മലപ്പുറം മൂന്നിയൂരിൽ വച്ച് ഡി.ആർഐ സംഘം ഈയിടെ പിടികൂടിയതാണ് കേസ്. പോസ്റ്റ് ഓഫീസ് വഴി കടത്തിയ 6.300 കിലോ സ്വർണമാണ് ഡി.ആർ.ഐ സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. 
 കൊച്ചിയിൽനിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിലായിരുന്നു ഇവർ സ്വർണം ഒളിപ്പിച്ചുകടത്തിയത്. ഇസ്തിരിപ്പെട്ടി ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത്.
ഇത് പൊളിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ആറ് കിലോയിലേറെ സ്വര്‍ണമാണ്. കോഴിക്കോട് സ്വദേശി ഷിഹാബാണ് പാഴ്സല്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തിന്‍റെ മുഖ്യ സൂത്രധാരന്‍. ദുബായിലെ സംഘത്തിന് സ്വര്‍ണം ഒളിപ്പിച്ച പാഴ്സല്‍ അയക്കേണ്ടവരുടെ മേല്‍വിലാസം വാട്സപ്പ് വഴി കൈമാറും. പിടിക്കപ്പെടാതിരിക്കാന്‍ ഓരോ തവണയും വ്യത്യസ്ത മേല്‍വിലാസമാണ് നല്‍കുന്നത്. പാഴ്സല്‍ കോഴിക്കോട് പോസ്റ്റ് ഓഫിസില്‍ എത്തുന്നതോടെ മേല്‍വിലാസത്തിലുള്ള ആളുകളുമായി എത്തി പാഴ്സല്‍ ശേഖരിക്കും.
പാഴ്സല്‍ വാങ്ങാനെത്തിയവര്‍ക്കും സ്വര്‍ണകടത്തിനെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. ഇവര്‍ പ്രതിഫലവും കൈപ്പറ്റിയിരുന്നു. കോഴിക്കോട്, കൊച്ചി യൂണിറ്റിലെ ഡിആര്‍ഐ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് സംഘം കുടുങ്ങിയത്.